Tuesday, November 8, 2016

പ്ളസ് ടുകാര്‍ക്ക് എയര്‍ ഇന്ത്യയില്‍ ക്യാബിന്‍ ക്രൂ ആവാം


ബിരുദവും ബിരുദാനന്തരബിരുദവും നേടിയിട്ടും ജോലി ലഭിക്കാത്ത നിരവധിപ്പേരുണ്ട് നമുക്കിടയില്‍. എന്നാല്‍, പ്ളസ് ടു മാത്രം യോഗ്യതയുള്ളവര്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള ആകര്‍ഷണീയമായ ജോലി വാഗ്ദാനം ചെയ്യുകയാണ് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ക്യാബിന്‍ ക്രൂവായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 170 ഒഴിവുകളാണുള്ളത്. എസ്.സി (28), എസ്.ടി (12), ഒ.ബി.സി (43), ജനറല്‍ (87) എന്നിങ്ങനെയാണ് ഒഴിവുകള്‍. 18നും 22നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരമുള്ളത്. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സിക്ക് മൂന്നുവര്‍ഷവും ഉളവ് ലഭിക്കും. അവിവാഹിതര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പുരുഷന്മാര്‍ക്ക് 165 സെ.മീ, സ്ത്രീകള്‍ക്ക് 157.5 സെ.മീ ഉയരവും ആനുപാതികമായ തൂക്കവും വേണം. 

അപേക്ഷകര്‍ക്ക് ഹിന്ദിയിലും ഇംഗ്ളീഷിലും സംസാരിക്കാനും എഴുതാനും കഴിയണം. ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയില്‍ ബിരുദമോ ഡിപ്ളോമയോ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഗ്രൂപ് ഡിസ്കഷന്‍, പേഴ്സനല്‍ ഇന്‍റര്‍വ്യൂ, മെഡിക്കല്‍ എക്സാമിനേഷന്‍ എന്നിവയിലൂടെയാവും തെരഞ്ഞെടുപ്പ്. 

അഞ്ചുവര്‍ഷത്തേക്ക് കരാര്‍ നിയമനമാണ്. പ്രവര്‍ത്തന മികവും കമ്പനിയുടെ ആവശ്യവുമനുസരിച്ച് കരാര്‍ നീട്ടി നല്‍കും. ആദ്യ ഒരുവര്‍ഷം മുംബൈയിലോ കമ്പനി തീരുമാനിക്കുന്ന മറ്റ് ഇടങ്ങളിലോ പരിശീലനം നല്‍കും. പരിശീലന സമയത്ത് 10,000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 31,880 രൂപ ശമ്പളം ലഭിക്കും. 
അപേക്ഷാ ഫീസ് 500 രൂപ മുംബൈയില്‍ മാറാവുന്ന തരത്തില്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍നിന്ന് ഡി.ഡി എടുക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഈ വിവരങ്ങള്‍ നല്‍കണം.

 www.airindiaexpress.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബര്‍ 11. വിവരങ്ങള്‍ വെബ്സൈറ്റില്‍. 

Source http://www.madhyamam.com/career-and-education/career-news/http/docsmadhyamamcom/node/add/article/2016/nov/03/230110
Previous Post
Next Post

About Author

0 comments: