Sunday, December 18, 2016

ഡേയ്റ്റ്സ് & കോഫീ മില്‍ക്ക് ഷേയ്ക്ക്

നിങ്ങള്‍ക്ക് ബദാം മില്‍ക്ക് ഷേയ്ക്ക്, ചോക്കലേറ്റ് മില്‍ക്ക് ഷേയ്ക്ക് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒട്ടും പുതുമ തോന്നില്ലായിരിക്കാം. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ വായിക്കാന്‍ പോകുന്നത് അത്ര പരിചയമില്ലാത്ത ഒന്നിനെക്കുറിച്ചായിരിക്കും - ഡേയ്റ്റ്സ് & കോഫീ മില്‍ക്ക് ഷേയ്ക്ക്! ഈന്തപ്പഴത്തിന്‍റെ മധുരം വറുത്ത് പൊടിച്ച ശുദ്ധമായ കാപ്പിപ്പൊടിയുടെ സുഗന്ധത്തോടു കൂടിച്ചേരുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഒരു ഗ്ലാസ് നിറച്ച് അമൃതാണ്. ഇന്ന് രാത്രി നിങ്ങളുടെ വീട്ടില്‍ പാര്‍ട്ടി നടക്കുന്നുണ്ടോ? വീട്ടില്‍ വരുന്ന അതിഥികളെ ഒരു വിശേഷപ്പെട്ട പാനീയം കൊടുത്ത് സ്വീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങളിത് ഉണ്ടാക്കണം.

കാപ്പിയുടെ രുചി കുട്ടികള്‍ക്ക് അത്ര ഇഷ്ടമുള്ളതല്ലെങ്കില്‍ അവര്‍ക്ക് കൊടുക്കുമ്പോള്‍ കാപ്പിയുടെ അളവ് കുറച്ച് പാലിന്‍റെ അളവ് കൂട്ടാവുന്നതാണ്. മാത്രമല്ല, പാല് കുടിക്കാനുള്ള കുട്ടികളുടെ മടി പോലും ഇതിന്‍റെ രുചിയില്‍ ഇല്ലാതാകും. അപ്പോള്‍, ചേരുവകള്‍ എളുപ്പത്തില്‍ ലഭ്യമായ, തയ്യാര്‍ ചെയ്യാന്‍ അതിലേറെ എളുപ്പമായ ഡേയ്റ്റ്സ് & കോഫീ മില്‍ക്ക് ഷേയ്ക്ക് എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് നമുക്ക് നോക്കാം. വിളമ്പുന്നത് : 2 ഗ്ലാസ് തയ്യാറാക്കാന്‍ എടുക്കുന്ന സമയം - 5 മിനിറ്റ് പാചകം ചെയ്യാന്‍ എടുക്കുന്ന സമയം - 12 മിനിറ്റ് വേണ്ട ചേരുവകള്‍ 1. കുരു കളഞ്ഞ ഈന്തപ്പഴം - 1 കപ്പ്‌ 2.കാപ്പിപ്പൊടി - 10 ടേബിള്‍സ്പൂണ്‍ 3. പാല് - 6 കപ്പ്‌ 4. പച്ച ഏലയ്ക്ക - 5-6 എണ്ണം 5. പഞ്ചസാര- 3 ടേബിള്‍സ്പൂണ്‍ 6. ഫ്രഷ് ക്രീം - ¾ കപ്പ്‌ 7. ഐസ് ക്യൂബ് - ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം 1. ഈന്തപ്പഴം കുരു കളഞ്ഞതിന് ശേഷം മാറ്റിവയ്ക്കുക. അതിനുശേഷം അടുപ്പ് കത്തിച്ച് വെള്ളം തിളപ്പിക്കുന്ന പാത്രം വച്ച് ചൂടാക്കുക. അതിലേക്ക് വെള്ളവും കാപ്പിപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. 2. അതിലേക് പഞ്ചസാരയും പച്ച ഏലയ്ക്കയും ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. പഞ്ചസാര വെള്ളത്തില്‍ നന്നായി അലിയുന്നത് വരെ ഇത് ചെയ്യുക. അതിനുശേഷം അടുപ്പ് കെടുത്തി ആ മിശ്രിതം ചൂടാറാനായി മാറ്റിവയ്ക്കുക. 3. കുരു കളഞ്ഞു വച്ചിരിക്കുന്ന ഈന്തപ്പഴവും കുറച്ച് പാലും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിക്കുക. അതിലേക്ക് ഐസ് ക്യൂബുകളും നേരത്തെ തയ്യാറാക്കി വച്ച കാപ്പിയുടെ മിശ്രിതവും ഫ്രഷ് ക്രീമും ബാക്കിയുള്ള പാലും കൂടി ചേര്‍ത്ത് വീണ്ടും നന്നായി അടിച്ച് യോജിപ്പിക്കുക. 4. തയ്യാറായ മില്‍ക്ക് ഷേയ്ക്ക് നീളമുള്ള ഗ്ലാസിലേക്ക് മാറ്റി ബാക്കിയുള്ള കാപ്പിയുടെ മിശ്രിതം മുകളില്‍ ഒഴിച്ച് അലങ്കരിക്കുക. നിങ്ങളുടെ രുചികരമായ ഡേയ്റ്റ്സ് & കോഫീ മില്‍ക്ക് ഷേയ്ക്ക് തയ്യാര്‍.

Source http://malayalam.boldsky.com/recipes/soups-snacks-drinks/2016/dates-coffee-milkshake-recipe-christmas-newyear-14421.html

വയര്‍ പോകും

വയര്‍ സ്ത്രീപുരുഷ ഭേദമന്യേ പലരുടേയും സൗന്ദര്യപ്രശ്‌നമാണ്. പ്രസവശേഷം വയര്‍ കൂടുന്നത് മിക്കവാറും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന മറ്റൊരു പ്രശ്‌നം. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ചു ലളിതമായ വഴികള്‍ നോക്കൂ,
സ്‌ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും വയര്‍ പ്രശ്‌നം തന്നെയാണ്‌. ഇത്‌ ആരോഗ്യപ്രശ്‌നം കൂടിയാണ്‌.
വയര്‍ കുറയ്‌ക്കാന്‍ സഹായിക്കുന്ന ചില അടിസ്ഥാന വഴികളെക്കുറിച്ചറിയൂ,
#1 ഭക്ഷണത്തില്‍ ഉപ്പു കുറയ്ക്കുക. സോഡിയം ശരീരത്തില്‍, പ്രത്യേകിച്ച് വയര്‍ ഭാഗത്ത് വെള്ളം തടഞ്ഞു നിര്‍ത്തും. ഇത് വയര്‍ ഭാഗത്ത് തടി കൂട്ടാന്‍ ഇടയാക്കുകയും ചെയ്യും. അമിതമായ ഉപ്പ് ആരോഗ്യത്തിനും ദോഷമാണ്.
#2 തൈര് ദിവസവും കഴിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇതില്‍ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയ എളുപ്പത്തിലാക്കാനും അതുവഴി കൊഴുപ്പു കുറയ്ക്കാനും ഇത് സഹായിക്കും.
#3 പ്രാതലിന് നാരടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ദഹനപ്രക്രിയ എളുപ്പമാക്കി വയറിന്റെ പ്രവര്‍ത്തനം ലളിതമാക്കാന്‍ ഇത് സഹായിക്കും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യം. പഴങ്ങള്‍ ബ്രേക്ഫാസ്റ്റിലുള്‍പ്പെടുത്തുന്നതും നല്ലതു തന്നെ.
#4 ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ ഈ സമയം അധികം വായു വായ്ക്കുള്ളിലേക്കു കടക്കുകയും ചെയ്യരുത്. ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുന്നത് ദഹനത്തെ സഹായിക്കും. ഇത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
#5 വയറിലെ കൊഴുപ്പ്‌ കുറയ്‌ക്കാന്‍ നാരങ്ങ വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌. വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ തേനും ചെറുനാരങ്ങാനീരും ചേര്‍ത്ത മിശ്രിതം.
#6 വലിയ വ്യായാമം ചെയ്‌തില്ലെങ്കിലും ദിവസവും അല്‍പനേരം നടക്കുന്നതു ശീലമാക്കുക.
#7 നല്ലപോലെ വെള്ളം കുടിയ്ക്കുക. ദഹനം എളുപ്പത്തിലാക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാനും ഇത് നല്ലതാണ്. ദഹനപ്രശ്‌നവും മലബന്ധവും വയര്‍ ചാടിയിരിക്കുന്നതായി തോന്നിപ്പിക്കുന്ന രണ്ടു കാരണങ്ങളാണ്.


മുഖരോമം വളരില്ല , ഇതു പരീക്ഷിയ്‌ക്കൂ

ചില വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ചും മുഖരോമം വളരെ സുരക്ഷിതമായി നീക്കം ചെയ്യാം


പല സ്ത്രീകളുടേയും സൗന്ദര്യപ്രശ്‌നമാണ് മുഖത്തെ രോമവളര്‍ച്ച. ത്രെഡിംഗ്, വാക്‌സിംഗ് തുടങ്ങിയ വേദനിപ്പിയ്ക്കുന്ന ചില വഴികളാണ് ഇതിനു പരിഹാരമായി ചെയ്യാറുള്ളത്.
എന്നാല്‍ ഇത്തരം കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കാതെ ചില വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ചും മുഖരോമം വളരെ സുരക്ഷിതമായി നീക്കം ചെയ്യാം. ഇവയെക്കുറിച്ചു കൂടുതലറിയൂ,

#1 1 ടേബില്‍ സ്പൂണ്‍ ചുവന്ന പരിപ്പ് അഥവാ മസൂര്‍ ദാല്‍ കുതര്‍ത്തു വേവിച്ചുടയ്ക്കുക. ഇതിലേയ്ക്ക് 2-3 ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ചേര്‍ത്തിളക്കുക. 4 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ക്കുക. ഇവ കലര്‍ത്തി മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം
2# മഞ്ഞള്‍പ്പൊടി, പാല്‍, കടലമാവ് എന്നിവ കലര്‍ത്തി മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടുന്നതും മുഖരോമം നീക്കാന്‍ സഹായിക്കും
#3 1 ടേബിള്‍ സ്പൂണ്‍ തേനില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീരു ചേര്‍ക്കുക. കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു ടവല്‍ കൊണ്ടു മസാജ് ചെയ്തു പിന്നീടു കഴുകിക്കളയുക. ഇത് ആഴ്ചയില്‍ 2-3 തവണ ചെയ്യണം.

#4 ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര, അല്‍പം ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി ചൂടാക്കുക. ഇത് ഉരുകി കട്ടിയാകുമ്പോള്‍ വാങ്ങി ചെറുചൂടോടെ മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ രോമവളര്‍ച്ചയുടെ വിപരീത ദിശയില്‍ ഈ മാസ്‌ക് വലിച്ചു നീക്കം ചെയ്യാം.

#5 മുട്ടവെള്ള, ഒരു ടേബിള്‍ സ്പൂണ്‍ മൈദ, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ വിപരീതദിശയില്‍ വലിച്ചു നീക്കം ചെയ്യുക


source http://malayalam.boldsky.com/beauty/skin-care/2016/permanent-remedy-face-hair-014482.html

Tuesday, November 8, 2016

തട്ടു കട ബീഫ് ഇനി വീട്ടില്‍


ബീഫ് ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ബീഫിനെ ചൊല്ലി ചില കോലാഹലങ്ങലൊക്കെ ഉണ്ടായെങ്കിലും ബീഫ് നമ്മുടെ നാട്ടില്‍ ഒരു സെലിബ്രിറ്റി തന്നെയാണ്. തട്ടുകടയില്‍ നിന്നും കിട്ടുന്ന ബീഫ് കറിയുടെ സ്വാദ് അല്‍പം വ്യത്യസ്തമാണ്. എന്നാല്‍ ഇനി നമുക്കും വീട്ടില്‍ തന്നെ ബീഫ് തയ്യാറാക്കാം. അത്രയേറെ രുചിയും സ്വാദും മണവും എല്ലാമുള്ള ബീഫ് തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം. തട്ടുകട ബീഫ് കറി തയ്യാറാക്കുന്നതിന് എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

 ആവശ്യമുള്ള സാധനങ്ങള്‍ 

ബീഫ്- അരക്കിലോ 
ഉള്ളി- 2 എണ്ണം 
ഇഞ്ചി- 1 ടീസ്പൂണ്‍
 പച്ചമുളക്- 2 
കറിവേപ്പില- 2 
തണ്ട് വെള്ളം-1 കപ്പ് 

അരപ്പിന് 

ഇഞ്ചി- 1 ടേബിള്‍ സ്പൂണ്‍ 
വെളുത്തുള്ളി- 1 ടേബിള്‍ സ്പൂണ്‍ 
കശ്മീരി മുളക് പൊടി- 1 ടേബിള്‍ സ്പൂണ്‍
 മല്ലിപ്പൊടി- 1 ടേബിള്‍ സ്പ്ൂണ്‍ 
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍ 
പെരും ജീരകം- 1/2 ടീസ്പൂണ്‍ 
പട്ട- 1 കഷ്ണം 
ഏലയ്ക്ക- 2 
തക്കോലം- 1 
ഗ്രാമ്പൂ- 2 
കുരുമുളക്- 1/2 ടീസ്പൂണ്‍ 

തയ്യാറാക്കുന്ന വിധം

അരയ്ക്കാന്‍ തയ്യാറാക്കി വെച്ചിരിയ്ക്കുന്നതെല്ലാം കൂടി മിക്‌സിയില്‍ നല്ലതു പോലെ അരച്ച് വെയ്ക്കുക. കുക്കറില്‍ എണ്ണ ചൂടാക്കി ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയെല്ലാം വഴറ്റുക. ഇതിലേക്ക് അരപ്പ് ചേര്‍ത്ത് എണ്ണ തെളിയും വരെ വറുത്തെടുക്കാം. ബീഫ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി അടച്ച് വെച്ച് വേവിയ്ക്കുക. ബീഫ് വെന്ത് കഴിയുമ്പോള്‍ തുറന്ന് പാകത്തിന് വെള്ളം ആവുന്നത് വരെ വറ്റിക്കാം.

Source http://malayalam.boldsky.com/recipes/non-veg/thattukada-special-beef-curry-014079.html

കമ്പനി സെക്രട്ടറിഷിപ് ഫൗണ്ടേഷന്‍, എക്സിക്യൂട്ടിവ് കോഴ്സുകള്‍ പഠിക്കാം


കോര്‍പറേറ്റ് മേഖലയിലും മറ്റും കമ്പനി സെക്രട്ടറിയാകുന്നതിന് കമ്പനി സെക്രട്ടറിഷിപ് (സി.എസ്) മെംബര്‍ഷിപ് നേടണം. തുടര്‍ച്ചയായ പ്രഫഷനല്‍ ഡെവലപ്മെന്‍റിലൂടെ മാത്രമേ മികച്ച കമ്പനി സെക്രട്ടറി ആകാനാകൂ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണ് (ഐ.സി.എസ്.ഐ) കമ്പനി സെക്രട്ടറിഷിപ് പഠന-പരിശീലനങ്ങളും പരീക്ഷകളും നടത്തി മെംബര്‍ഷിപ് സമ്മാനിക്കുന്നത്. 
കമ്പനി സെക്രട്ടറിയാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കമ്പനി സെക്രട്ടറിഷിപ് കോഴ്സിന്‍െറ വിവിധ ഘട്ടങ്ങളായ ഫൗണ്ടേഷന്‍, എക്സിക്യൂട്ടിവ്, പ്രഫഷനല്‍ പ്രോഗ്രാമുകളില്‍ രജിസ്റ്റര്‍ ചെയ്ത് പഠിച്ച് പരീക്ഷകള്‍ പാസാകണം. അത് കഴിഞ്ഞ് പ്രീ മെംബര്‍ഷിപ് ട്രെയ്നിങ് വിജയകരമായി പൂര്‍ത്തിയാക്കുമ്പോഴാണ് കമ്പനി സെക്രട്ടറിഷിപ് മെംബര്‍ഷിപ് ലഭിക്കുന്നത്. ഐ.സി.എസ്.ഐക്ക് പഠന-പരിശീലനങ്ങള്‍ നല്‍കുന്നതിന് ചാപ്റ്ററുകള്‍ ഉണ്ടെങ്കിലും അര്‍പ്പണമനോഭാവത്തോടെ സ്വന്തമായി നല്ലവണ്ണം പഠിക്കുന്നവര്‍ക്ക് മാത്രമേ കമ്പനി സെക്രട്ടറിഷിപ് മെംബര്‍ഷിപ് നേടാനാകൂ. വിദ്യാര്‍ഥികള്‍ക്ക് ചാപ്റ്ററുകളിലെ ലൈബ്രറി സൗകര്യങ്ങളും ക്ളാസുകളും പ്രയോജനപ്പെടുത്താം. 
സി.എസ് ഫൗണ്ടേഷന്‍: ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ ഹയര്‍ സെക്കന്‍ഡറി /പ്ളസ് ടു/തുല്യ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും സി.എസ് ഫൗണ്ടേഷന്‍ പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹതയുണ്ട്. 2017 ജൂണ്‍ സെഷനില്‍ നടത്തുന്ന ഫൗണ്ടേഷന്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിന് 2016 സെപ്റ്റംബര്‍ 30 വരെ രജിസ്ട്രേഷന് സമയമുണ്ട്. രജിസ്ട്രേഷന്‍ ഫീസ് 4500 രൂപയാണ്. 
സി.എസ് ഫൗണ്ടേഷന്‍ പ്രോഗ്രാമില്‍ ബിസിനസ് എന്‍വയണ്‍മെന്‍റ് ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്, ബിസിനസ് മാനേജ്മെന്‍റ്, എത്തിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ബിസിനസ് ഇക്കണോമിക്സ്, ഫണ്ടമെന്‍റല്‍ ഓഫ് അക്കൗണ്ടിങ് ആന്‍ഡ് ഓഡിറ്റിങ് എന്നിങ്ങനെ നാലു വിഷയങ്ങള്‍ പഠിച്ച് പരീക്ഷയെഴുതി പാസാകണം. 
സി.എസ് എക്സിക്യൂട്ടിവ്: സി.എസ് ഫൗണ്ടേഷന്‍ വിജയിക്കുന്നവര്‍ക്കും ഫൈന്‍ ആര്‍ട്സ് ഒഴികെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അടുത്ത ഘട്ടമായ സി.എസ് എക്സിക്യൂട്ടിവ് പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്ത് പഠിക്കാം.
സി.എസ് ഫൗണ്ടേഷന്‍ കോഴ്സ് വിജയിച്ച വിദ്യാര്‍ഥികള്‍ 8500 രൂപയും കോമേഴ്സ് ബിരുദക്കാര്‍ 9000 രൂപയും മറ്റ് ബിരുദക്കാര്‍ 10,000 രൂപയും രജിസ്ട്രേഷന്‍ ഫീസായി അടക്കണം. 2017 ജൂണ്‍ സെഷനിലെ സി.എസ് എക്സിക്യൂട്ടിവ് പരീക്ഷയില്‍ പങ്കെടുക്കുന്നതിന് 2016 ആഗസ്റ്റ് 31നകം രജിസ്റ്റര്‍ ചെയ്യണം. കമ്പനി ലോ, കോസ്റ്റ് ആന്‍ഡ് മാനേജ്മെന്‍റ് അക്കൗണ്ടിങ്, ഇക്കണോമിക്സ് ആന്‍ഡ് കമേഴ്സ്യല്‍ ലോസ്, ടാക്സ് ലോസ് ആന്‍ഡ് പ്രാക്ടിസ്, കമ്പനി അക്കൗണ്ട്സ് ആന്‍ഡ് ഓഡിറ്റിങ് പ്രാക്ടിസ്, കാപിറ്റല്‍ മാര്‍ക്കറ്റ്സ് ആന്‍ഡ് സെക്യൂരിറ്റീസ് ലോസ്, ഇന്‍ഡസ്ട്രിയല്‍ ലേബര്‍ ആന്‍ഡ് ജനറല്‍ ലോസ് എന്നീ വിഷയങ്ങളാണ് സി.എസ് എക്സിക്യൂട്ടിവ് പ്രോഗ്രാമില്‍ പഠിച്ച് പരീക്ഷയെഴുതേണ്ടത്.
പട്ടികജാതി/പട്ടിക വര്‍ഗം, വികലാംഗര്‍, മിലിട്ടറി/ പാരാമിലിട്ടറി ഫോഴ്സിലെ ജോലിക്കിടെ ജീവന്‍ നഷ്ടപ്പെട്ടവരുടെ വിധവകള്‍/ആശ്രിതര്‍ എന്നീ വിഭാഗക്കാര്‍ക്ക് ഫീസില്‍ ഇളവ് ലഭിക്കും. പഠന-പരിശീലനങ്ങള്‍ക്ക് ഐ.സി.എസ്.ഐയുടെ ചാപ്റ്ററുകളിലും മറ്റും സൗകര്യം ലഭിക്കുന്നതാണ്. ഐ.സി.എസ്.ഐയുടെ ചെന്നൈ സതേണ്‍ റീജനല്‍ ഓഫിസിന് കീഴില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മംഗളൂരു, സേലം, മധുര, മൈസൂരു, കോയമ്പത്തൂര്‍, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, അമരാവതി എന്നിവിടങ്ങളില്‍ ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദൂരപഠന സൗകര്യവും ലഭ്യമാണ്.
സി.എസ് ഫൗണ്ടേഷന്‍, എക്സിക്യൂട്ടിവ് പ്രോഗ്രാമുകളിലേക്കുള്ള രജിസ്ട്രേഷനും വിവരങ്ങള്‍ക്കും www.icsi.edu എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. 

തൊഴില്‍ സാധ്യത
സി.എസ് മെംബര്‍ഷിപ് കരസ്ഥമാക്കുന്നവര്‍ക്ക് കോര്‍പറേറ്റ് മേഖലയില്‍ വന്‍കിട കമ്പനികളിലും മറ്റും ആകര്‍ഷകമായ ശമ്പളത്തോടെ കമ്പനി സെക്രട്ടറിയാകാം. യോഗ്യത നേടുന്നവരുടെ എണ്ണം കുറവായതിനാല്‍ തൊഴില്‍ ഉറപ്പാണ്. കമ്പനിയുടെ അമരക്കാരില്‍ പ്രധാനിയാണ് കമ്പനി സെക്രട്ടറി. സ്വന്തമായി പ്രാക്ടിസ് ചെയ്ത് വരുമാനമുണ്ടാക്കാനും കഴിയും.